അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം. ഗുജറാത്ത് പാകിസ്താൻ ഭാഗത്തേക്കാണ് നിലവിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. 15ാം തിയതിയോടെ അതിശക്തിയേറിയ ചുഴലിക്കാറ്റായി സൗരാഷ്ട്ര, കച്ച്, മാൻഡവി, പാകിസ്താനിലെ കറാച്ചി എന്നിവിടങ്ങളിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ പോർബന്തറിൽ നിന്നും 340 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ആയിട്ടാണ് ചുഴലിക്കാറ്റ് ഉള്ളത്.
ആളപായം ഒഴിവാക്കുന്നതിനായി മേഖലയിൽ വലിയ തോതിൽ സുരക്ഷാസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ള എല്ലാ ഗ്രാമങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടെയുള്ള ബീച്ചുകളും ക്ഷേത്രങ്ങളും മറ്റ് സ്ഥാപനങ്ങളുമെല്ലാം അടച്ചു. മാൻഡവി ബീച്ചിനും കറാച്ചി ബീച്ചിനും ഇടയിലുള്ള സ്ഥലത്ത് കൂടി കരയിലേക്ക് കയറാനാണ് സാധ്യതയെന്ന് കച്ച് കളക്ടർ അമിത് അറോറ പറഞ്ഞു.
സൗരാഷ്ട്രയിലും കച്ച് തീരത്തുമെല്ലാം കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ കനത്ത കാറ്റ് അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. ചുഴലിക്കാറ്റ് എത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ഗുജറാത്ത് സർക്കാർ ആരംഭിച്ചിട്ടുണ്ട്. കച്ച്, മോർബി, ജുനഗർ, ജാംനഗർ, ദ്വാരക എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ആളുകളെ ഒഴിപ്പിക്കുന്നത്. അതേസമയം മുംബൈ തീരത്തും മോശം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മുംബൈ വിമാനത്താവളത്തിലെ റൺവേ താത്കാലികമായി അടച്ചു. പല വിമാനങ്ങളും വഴി തിരിച്ച് വിടുകയാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post