ഭൂമിയെ ലക്ഷ്യം വച്ച് രണ്ട് വലിയ ഛിന്നഗ്രഹങ്ങൾ എത്തുന്നതായി റിപ്പോർട്ട്. ഇവയ്ക്ക് 500 മുതൽ 850 മീറ്റർ വരെ വ്യാസമുണ്ട്. സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. സൂര്യനെ ചുറ്റുന്ന ഒരുതരം പാറക്കെട്ടുകളാണ് ഛിന്നഗ്രഹങ്ങൾ. അവയെ പ്ലാനറ്റോയ്ഡുകൾ അല്ലെങ്കിൽ ചെറിയ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു. നൂറുകണക്കിന് മൈലുകൾ മുതൽ അടികൾ വരെ വലുപ്പമുള്ള ദശലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളുണ്ട്.
ഭൂമിയോട് അടുത്ത് വരുന്ന രണ്ട് ഛിന്നഗ്രഹങ്ങളെ 488453, 2020 DB5 എന്ന് പേരിട്ടാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്. ഇന്നും 15ാം തിയതിയുമായി ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നാണ് കരുതുന്നത്. 150 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഛിന്നഗ്രഹങ്ങളെ അപകടസാധ്യതയുള്ളവയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. 488453 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. മണിക്കൂറിൽ 77,292 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിയുടെ 31,62,498 കിലോമീറ്റർ വരെ അടുത്ത് ഇത് എത്തും. 2012 നവംബർ 27നും ഈ ഛിന്നഗ്രഹം ഭൂമിക്ക് അടുത്ത് കൂടി കടന്നു പോയിരുന്നു. ഇനി 2030ലും ഇത് ഭൂമിക്ക് സമീപത്തെത്തും.
2020 DB5 എന്ന ഛിന്നഗ്രഹം 15ാം തിയതിയോടെ ഭൂമിക്ക് അടുത്തെത്തും. ഭൂമിയുടെ 43,08,418 കിലോമീറ്റർ അകലെ ഇത് കടന്നുപോകും. മണിക്കൂറിൽ 34,272 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. 1995ലാണ് ഇത് അവസാനമായി ഭൂമിയുടെ അടുത്തെത്തിയത്. ഇത്തവണത്തെ വരവ് കഴിഞ്ഞാൽ പിന്നെ 2048ലാകും ഈ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തെത്തുക. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും ഭൂമിക്ക് ദോഷം വരുത്തുന്നവയല്ലെങ്കിലും അപകടസാധ്യകൾ തിരിച്ചറിയുന്നതിനായി ശാസ്ത്രജ്ഞർ അവയെ എപ്പോഴും ട്രാക്ക് ചെയ്യാറുണ്ട്.
Discussion about this post