കണ്ണൂർ: തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ കണ്ണൂർ വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നതായി സൂചന. കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പിന് വിടാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ കണ്ണൂർ വിമാനത്താവളം പ്രവർത്തിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ടാറ്റയ്ക്ക് നൽകാനുള്ള നീക്കങ്ങൾ സജീവമാകുന്നത് എന്നാണ് സൂചന.
സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുള്ളത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള തുക പോലും ലഭിക്കാനില്ലെന്നാണ് വിവരം. ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം മുടങ്ങി. വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി അടുത്തിടെ ഓഫീസ് തുറന്നിരുന്നു. ഇത് നാളുകളായി പ്രവർത്തന രഹിതമാണ്. 200 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഇവിടെ ഓഫീസ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റ് വികസന പ്രവർത്തനങ്ങളും അനന്തമായി നീളുകയാണ്.
കണ്ണൂരിൽ നിന്നുള്ള യാത്രികരുടെ എണ്ണം കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം എന്നാണ് വിവരം. കണ്ണൂരിൽ നിന്നും ചില വിദേശ വിമാന കമ്പനികൾക്ക് മാത്രമേ സർവ്വീസിന് അനുമതിയുള്ളൂ. ഇതാണ് യാത്രികരുടെ എണ്ണം കുറയുന്നതിനുള്ള പ്രധാനകാരണം. കണ്ണൂരിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന ഇന്ത്യൻ വിമാന കമ്പനികൾ അടുത്തിടെ യാത്രാ കൂലിയും വർദ്ധിപ്പിച്ചിരുന്നു. ഇതും വിമാന യാത്രികരുടെ എണ്ണം കുറയാൻ കാരണം ആയി. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോഫസ്റ്റ് വിമാന സർവ്വീസുകൾ നിർത്തിവച്ചതും വലിയ തിരിച്ചടി ആയിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പ്രതിവർഷം 250 കോടിയുടെ വരുമാനമാണ് ലഭിക്കുന്നത്. 2350 കോടി രൂപ മുതൽ മുടക്കിലാണ് വിമാനത്താവളം നിർമ്മിച്ചിട്ടുള്ളത്. ഇതിനായി 892 കോടി രൂപ വായ്പയും എടുത്തിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഇത് തിരികെ അടയ്ക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇത് പലിശയടക്കം 1100 കോടിയായി ഉയർന്നു. ഇതെല്ലാം കണക്കിലെടുത്താണ് വിമാനത്താവളം ടാറ്റഗ്രൂപ്പിന് കൈമാറാനുള്ള ആലോചന സർക്കാർ ആരംഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും കണ്ണൂർ വിമാനത്താവളത്തിന്റെ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.
Discussion about this post