കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. മോൻസൻ മാവുങ്കൽ പ്രധാന പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. അറസ്റ്റിന് തയ്യാറെടുക്കുന്ന അന്വേഷണസംഘം ഇക്കാര്യത്തിൽ നിയമോപദേശവും തേടിയതായാണ് വിവരം.
മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണ ക്രൈംബ്രാഞ്ച് പറയുന്നത്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് വന്നതോടെ മുൻകൂർ ജാമ്യത്തിന് സുധാകരൻ ശ്രമം തുടങ്ങി. ക്രൈംബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുമെന്നും സുധാകരൻ പറയുന്നു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തത്. സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം.
സുധാകരൻറെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബർ 22ന് മോൻസൻറെ കലൂരിലുള്ള വീട്ടിൽവച്ചാണ് പണം കൈമാറിയത്. അന്ന് പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണ് പണം നൽകിയതെന്നും പരാതിക്കാർ പറയുന്നു.
Discussion about this post