കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്ക് വേണ്ടിയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിനൊപ്പമുള്ള തന്റെ ഷെഡ്യൂൽ പൂർത്തിയായെന്ന് അറിയിക്കുകയാണ് നടൻ ഹരീഷ് പേരടി.
ആറ് മാസം താൻ മോഹൻലാലിനൊപ്പം ഷൂട്ടിലായിരുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. മോഹൻലാലിനെ പൊന്നാടയണിയിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
”ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു…ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്…ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം …ലാലേട്ടാ….” ഹരീഷ് പേരടി കുറിച്ചു.
അതേസമയം ചെന്നൈയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് വിവരം. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും റിപ്പോർട്ടുണ്ട്. മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Discussion about this post