പാലക്കാട് : സർക്കാരിനെ വിമർശിക്കാൻ പാടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.താൻ പറയാത്ത കാര്യം തന്റെ മേൽ കെട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സർക്കാർ വിരുദ്ധ എസ്എഫ്‌ഐ വിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചാൽ ഇനിയും കേസെടുക്കുമെന്നാണ് ആർഷോ കേസിൽ അദ്ദേഹം ആദ്യം പ്രതികരിച്ചത്. എന്നാൽ ഇക്കാര്യം താൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് മലക്കംമറിയുകയാണ് പാർട്ടി സെക്രട്ടറി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും ഗോവിന്ദൻ ഇന്നും വാദിച്ചു.
ആർഷോയ്‌ക്കെതിരെ നടന്നത് ഗൂഢാചനയാണ്. ഇതിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് പങ്കുണ്ട്. ആ കാര്യത്തിൽ സിപിഎമ്മിന് സംശയമില്ല. ലൈവ് റിപ്പോർട്ടിംഗിനിടെ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് കടന്നുചെന്നത് പോലും ഗൂഢാലോചനയാണ്. അതിൽ ഒരു സ്വാഭാവികതയും ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു.
മാദ്ധ്യമങ്ങൾ മുഖപ്രസംഗം എഴുതിയാൽ നിലപാട് മാറ്റില്ല. തന്റേത് ശരിയായ നിലപാടാണ്, ധാർഷ്ട്യമല്ല. മാദ്ധ്യമങ്ങൾ ബോധപൂർവ്വം കേസുണ്ടാക്കുകയാണ് ചെയ്യുന്നത് എന്നും ഗോവിന്ദൻ പറഞ്ഞു.
Discussion about this post