തിരുവനന്തപുരം: 14.5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലായിരുന്നു ബാങ്കിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. സഹകരണ മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഭരണസമിതി പിരിച്ചുവിട്ടത്.
നിക്ഷേപ വായ്പയുടെയും ഭൂമി പണയപ്പെടുത്തിയുളള വായ്പയുടെയും സ്വർണപണയത്തിന്റെയും പേരിലെല്ലാം വ്യാപക ക്രമക്കേടായിരുന്നു കണ്ടെത്തിയത്. അഴിമതി നടന്നിട്ടില്ലെന്ന് സിപിഎം നേതാക്കൾ അടങ്ങുന്ന ഭരണസമിതി വാദിച്ചുവെങ്കിലും വീണ്ടും അഴിമതി ആരോപണം ഉയർന്നതോടെ കടുത്ത നടപടിക്ക് നിർബന്ധിതമാകുകയായിരുന്നു. നിക്ഷേപകർക്ക് പണം തിരിച്ചു നൽകുമെന്നും അഴിമതിയില്ലെന്നും പറഞ്ഞ് അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല.
ബാങ്കിന്റെ ബീമാപളളി ബ്രാഞ്ചിൽ പണയം വെച്ച സ്വർണം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പിനെക്കുറിച്ച് സൂചന ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ബാങ്ക് പ്രസിഡന്റ്. ക്രമക്കേടിന് പിന്നാലെ ബാങ്ക് സെക്രട്ടറിയെയും ക്ലാർക്കിനെയും പ്യൂണിനെയും സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുളള ശ്രമവും സിപിഎം നേതാക്കൾ നടത്തിയിരുന്നു.
സ്ഥിരനിക്ഷേപത്തിന്റെ പേരിൽ ഒരാൾക്ക് എടുക്കാവുന്ന വായ്പ പലരായി എടുത്തും ഒരു ഭൂപണയ പ്രമാണത്തിന്റെ പേരിൽ മറ്റ് പലരും വായ്പ എടുത്തുമൊക്കെയാണ് തട്ടിപ്പ് നടത്തിയത് സഹകരണ സംഘത്തിന്റെ പരിധി ഭേദിച്ചുളളവർക്ക് വായ്പ വിതരണം ചെയ്തതായും കണ്ടെത്തിയിരുന്നു.
ക്രമക്കേട് ചർച്ച ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ബാങ്ക് ഭരണസമിതി പിരിച്ചുവിടാൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ചാല ഏരിയ കമ്മിറ്റി നിർദ്ദേശം പാലിക്കാൻ തയ്യാറായിരുന്നില്ല. പിരിച്ചുവിടാൻ തീരുമാനയതിന് പിന്നാലെ സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കളായ ഏഴ് പേർക്ക് പിൻവാതിൽ നിയമനം വഴി ജോലി നൽകാൻ ശ്രമിച്ചതും വിവാദമായിരുന്നു.
Discussion about this post