കോഴിക്കോട്: പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി 11 മണിയ്ക്ക് ശേഷമായിരുന്നു സംഭവം. ഫയർഫോഴ്‌സെത്തി തീ പൂർണമായും അണച്ചു.
പേരാമ്പ്ര പഞ്ചായത്തിന്റെ ടൗണിൽ പ്രവർത്തിക്കുന്ന മാലിന്യം സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയർന്നതോടെ നാട്ടുകാർ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും അഗ്നിബാധ രൂക്ഷമായി. മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ നിന്നും തൊട്ടടുത്തുള്ള ബാദുഷ സൂപ്പർമാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്കും തീ വ്യാപിച്ചു.
പേരാമ്പ്രയിൽ നിന്നുള്ള സംഘം ഉടനെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്ന് ഫയർഫോഴ്‌സിന്റെ കൂടുതൽ സംഘങ്ങൾ അവിടേയ്ക്ക് എത്തുകയായിരുന്നു. വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ കൂടി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. മൂന്ന് മണിക്കൂറോളം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു.
എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post