കൊച്ചി : കേരളത്തിൽ പനി പടരുന്നു. വെസ്റ്റ് നൈൽ പനി ബാധിച്ച് കൊച്ചിയിൽ ഒരാൾ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്. കിടപ്പുരോഗിയായ ഇദ്ദേഹത്തെ പനി ബാധിച്ചതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലുമെത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.
ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ക്യൂലക്‌സ് കൊതുകുകളാണ് ഇത് പരത്തുന്നത്. എറണാകുളം ജില്ലയിൽ വെസ്റ്റ് നൈൽ പനി മൂലം ആദ്യത്തെ മരണമാണ്.
തലവേദന, പനി, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇത് സൃഷ്ടിക്കും. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാൽ പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.
Discussion about this post