ഇടുക്കി: അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഇദ്ദേഹത്തിനെതിരെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് രംഗത്തെത്തിയത്.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്നും വിശ്വാസത്തിലെടുക്കാനാകില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് കുറ്റപ്പെടുത്തി. നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജിക്കു പിന്നിൽ, രാജ്യാന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വർഗീസ് ആരോപിച്ചു. ‘ഹരീഷ് വാസുദേവൻ ഒരിക്കലും വിശ്വാസത്തിലെടുക്കാൻ കഴിയുന്ന ആളല്ല. കടുത്ത കപട പരിസ്ഥിതി വാദിയാണ് അദ്ദേഹം. മാത്രമല്ല, ഇവിടെ കസ്തൂരി രംഗൻ ഗാഡ്ഗിൽ വിഷയം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളുമാണെന്ന് അദ്ദേഹം വിമർശിച്ചു.
ഭൂമിയുടെ ഉടമസ്ഥത ഉറപ്പാക്കുന്നതു വരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമ്മാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വൺ എർത്ത്, വൺ ലൈഫ് സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ 3 നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകുന്നത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രണ്ടാഴ്ചത്തേക്കാണ് തടഞ്ഞത്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് ഇത്രയും കാലം എങ്ങനെയാണ് നിർമാണങ്ങൾ അനുവദിച്ചതെന്നു വിശദീകരിക്കാൻ പഞ്ചായത്തുകൾക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണം. ദുരന്തനിവാരണം, പരിസ്ഥിതി ആഘാത പഠനം എന്നിവയിൽ സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യണം
Discussion about this post