മോസ്‌കോ : യുവാവിനെ ആക്രമിച്ച് കൊന്നുതിന്ന സ്രാവിന്റെ ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചുവെയ്ക്കാനൊരുങ്ങുന്നു. ഈജിപ്തിലെ കാഴ്ച ബംഗ്ലാവിലാണ് സ്രാവിന്റെ ശരീരാവശിഷ്ടങ്ങൾ സൂക്ഷിക്കുക.
ഈജിപ്തിലെ ഹുർഗാഡയിലുള്ള റിസോർട്ടിൽ താമസിക്കാനെത്തിയ വ്‌ളാഡിമിർ പോപോവ് ആണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. 23 കാരനായ യുവാവിനെ ബീച്ചിൽ വെച്ചാണ് സ്രാവ് ആക്രമിച്ച് കൊന്നത്. ”പപ്പാ, രക്ഷിക്കൂ” എന്ന് യുവാവ് അലറിക്കരയുന്ന വീഡിയോ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് സ്രാവിന്റെ വയറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മറ്റ് ഭാഗങ്ങൾ കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസസിലെയും റെഡ് സീ റിസർവിലെയും വിദഗ്ധർ തിങ്കളാഴ്ച സ്രാവിന്റെ എംബാമിംഗ് പ്രക്രിയ ആരംഭിച്ചു. ഇത് കഴിഞ്ഞാൽ സ്രാവിനെ മ്യൂസിയത്തിൽ സൂക്ഷിക്കും. സ്രാവ് ആക്രമണം നടത്താനുണ്ടായ കാരണം മനസിലാക്കണമെന്നും മുമ്പും ഇത് ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുണ്ടെന്നും ഗവേഷകർ പറഞ്ഞു.
എല്ലാം 20 സെക്കന്റ് കൊണ്ടാണ് അവസാനിച്ചത് എന്ന് യുവാവിന്റെ അച്ഛൻ യൂറി പറഞ്ഞു.
’20 സെക്കൻഡിനുള്ളിൽ ഇതെല്ലാം സംഭവിച്ചു. സ്രാവ് അവനെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇത് തികച്ചും യാദൃശ്ചികമായ കാര്യമാണ്. കാരണം ഇത് ഒരു സുരക്ഷിതമായ കടൽത്തീരമാണ്. ചുറ്റും കപ്പലുകളും നൗകകളും ഉണ്ട്. അവിടെ ഒരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല’ യൂറി പറഞ്ഞു. മകന്റെ മൃതദേഹം സംസ്‌കരിച്ച ശേഷം ചിതാഭസ്മം റഷ്യയിലേക്ക് കൊണ്ടുപോകുമെന്നും യൂറി കൂട്ടിച്ചേർത്തു.
Discussion about this post