തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന അപകടങ്ങൾ കൂടുതലായതിനാലാണ് വേഗപരിധി കുറച്ചതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വേഗപരിധി വർധിപ്പിക്കണം എന്നത് നേരത്തെയുള്ള ആവശ്യമായിരുന്നുവെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു. ”റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കും, ഇതിനായി അടുത്തയാഴ്ച്ച പ്രത്യേക യോഗം ചേരും. വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ദേശീയ വിജ്ഞാപനത്തോട് ചേർന്നു നിൽക്കുന്ന തീരുമാനമാണ്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രം മാറ്റം വരുത്തും. റോഡുകളിൽ വലിയ മാറ്റം ഉണ്ടായി. ഇതെല്ലാം പരിശോധിച്ച് തന്നെയാണ് തീരുമാനമെന്നും” മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഇന്നലെയാണ് തീരുമാനമായത്. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടേയും സ്‌കൂൾ ബസുകളുടേയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തന സജ്ജമായതിന് പിന്നാലെയാണ് വേഗപരിധി പുനർ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരും.
Discussion about this post