കൊച്ചി; ആഡംബരവാഹനമായ മിനി കൂപ്പർ വാങ്ങിയ സിഐടിയു നേതാവ് പികെ അനിൽകുമാറിനെതിരെ പാർട്ടി നടപടി.ഇയാളെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. അനിൽകുമാറിന് സിഐടിയു ഭാരവാഹിത്വമാണ് ഉള്ളത്.പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം ഇദ്ദേഹത്തെ നീക്കാൻ സിഐടിയുവിന് സിപിഎം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകും.
ആഡംബര വാഹനം വാങ്ങിയും പോരാഞ്ഞ് അത് ന്യായീകരിച്ചത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ലളിത ജീവിതം നയിക്കണമെന്ന നിബന്ധന സിഐടിയു നേതാവിനും ബാധകമെന്നും സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തി.
ടൊയോട്ട ഇന്നോവ, ഫോർച്യൂണർ വാഹനങ്ങൾ നേരത്തെ സ്വന്തമാക്കിയ അനിൽകുമാർ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പറാണ് വിവാദത്തിന് കാരണമായത്.തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവിന് സഞ്ചരിക്കാൻ മിനികൂപ്പർ എന്ന വിശേഷണവുമായാണ് അനിൽകുമാർ മിനികൂപ്പർ വാങ്ങിയ ചിത്രം സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചത്. തുടർന്ന് അനിൽകുമാറിനെതിരെ പലകോണുകളിൽ നിന്നും വിമർശനവും ഉയർന്നു. നേതാവിന്റെ സ്വത്ത് സമ്പാദനത്തിൽ ഉൾപ്പെടെ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
വിവാദമായതോടെ
കാർ വാങ്ങിയത് ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണെന്ന് അനിൽകുമാർ വ്യക്തമാക്കിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ കുടുംബത്തെ അധിക്ഷേപിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനിൽകുമാർ പറഞ്ഞിരുന്നു. അതിനിടെയാണ് പാർട്ടി നടപടി.
Discussion about this post