തിരുവനന്തപുരം: റേഡിയോ കോളർ സിഗ്നൽ ഇടയ്ക്ക് മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ ആണെന്ന് കൃത്യമായി കണ്ടെത്താനാകാകെ വനംവകുപ്പ്. ആന കോതയാർ ഡാമിന്റെ പരിസരത്ത് ഉണ്ടെന്നും ഇന്നലെ രാവിലെ ഒൻപത് മണിയോടെ സിഗ്നൽ ലഭിച്ചിരുന്നു എന്നുമാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സിഗ്നൽ മുറിയുന്നതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിനുള്ളിൽ എവിടെ എങ്കിലും ആകാമെന്നും നിഗമനമുണ്ട്.
കോതയാർ ഡാം പരിസരത്ത് നിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാർ വനമേഖലയിലേക്കോ അരിക്കൊമ്പൻ നീങ്ങുന്നുണ്ടോ എന്ന സംശയവും ഉയർന്നിരുന്നു. അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവാ സങ്കേതത്തിലേക്കാണ് ലഭിക്കുന്നത്.
അവിടെ നിന്നാണ് ഇത് കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. അതിന് ശേഷം കേരളത്തിൽ നിന്നും ഈ വിവരം കന്യാകുമാരി ഡിഎഫ്ഒയെ അറിയിക്കും. കോതയാർ ഡാം പരിസരത്ത് നിന്ന് ആന പോയിട്ടില്ലെന്നും നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് കരുതുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post