അഹമ്മദാബാദ്: ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ, ചനോഡ്, മാർവർ മേഖലകളിലേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതിയിൽ ബിപോർജോയ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ 150 കിലോമീറ്റർ വേഗതയിലായിരുന്നു ബിപോർജോയ് വീശിയിരുന്നത്. അതേസമയം രാജസ്ഥാനിൽ ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. കച്ച്, സൗരാഷ്ട്ര മേഖലകളിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കടന്നു പോയ സ്ഥലങ്ങളിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്.
അയ്യായിരത്തോളം വൈദ്യുത പോസ്റ്റുകൾ കടപുഴകി. നാലായിരത്തി അറൂന്നൂറ് ഗ്രാമങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇതിൽ മൂവായിരത്തി അഞ്ഞൂറോളം ഗ്രാമങ്ങളിൽ വൈദ്യുതി പുന:സ്ഥാപിച്ചു. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടി ഇന്നും തുടരും. ചുഴലിക്കാറ്റിന്റെ തീവ്രത കാരണം ഡൽഹിയിലും കഴിഞ്ഞ ഏതാനും മണിക്കൂറായി മഴ തുടരുന്നുണ്ട്.
Discussion about this post