കൊച്ചി: മഹാരാജാസ് കോളേജ് വ്യാജസർട്ടിഫിക്കറ്റ് കേസ് പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ കെ.വിദ്യയെ 12ാം ദിവസവും കണ്ടെത്താനാകാതെ പോലീസ്. ഇവർ വടക്കൻ കേരളത്തിൽ തന്നെ ഒളിവിൽ തുടരുകയാണെന്നാണ് പോലീസ് നിഗമനം. വിദ്യ കരിന്തളം കോളേജിൽ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് കോളേജിയറ്റ് എജ്യുക്കേഷൻ സംഘം സ്ഥിരീകരിച്ചു. ഇതോടെ വിദ്യയുടെ ശമ്പളം തിരിച്ച് പിടിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കേസിൽ തെളിവ് ശേഖരണം പൂർത്തിയായെന്ന് അഗളി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ , ഇൻറർവ്യൂ ബോർഡ് അംഗങ്ങൾ എന്നിവരുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന റിപ്പോർട്ടും പോലീസ് എടുത്തിട്ടുണ്ട്. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും അതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
പിഎച്ച്ഡി വിവാദങ്ങളുമായി ബന്ധപ്പെട്ട് കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് ഉപസമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിന് ശേഷം ഇതാദ്യമായാണ് സിൻഡിക്കേറ്റ് ഉപസമിതി യോഗം ചേരുന്നത്.
Discussion about this post