തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാതായി. കൂട്ടിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കഴിഞ്ഞ നാല് ദിവസമായി മരത്തിന് മുകളിലാണ് ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് കാണാതായത്. അമ്പലമുക്ക് ഭാഗത്ത് കുരങ്ങിനെ കണ്ടെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ മാർബിൾ കടയുടെ സമീപത്ത് കുരങ്ങിനെ കണ്ടുവെന്നായിരുന്നു വിവരം. എന്നാൽ പരിശോധനയിൽ ഇത് നാടൻ കുരങ്ങ് ആണെന്ന് വ്യക്തമായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃഗശാലയിലേക്ക് പുതിയതായി കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിൽ ഒരെണ്ണം ചാടിപ്പോയത്. ഇത്ര ദിവസം പരിശ്രമിച്ചിട്ടും കുരങ്ങിനെ തിരിച്ച് കൂട്ടിലെത്തിക്കാൻ മൃഗശാല അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. മരത്തിന് മുകളിൽ ഉണ്ടായിരുന്ന കുരങ്ങിനെ തിരിച്ച് കൂട്ടിലെത്തിക്കാൻ പല വിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇന്ന് രാവിലെ കുരങ്ങ് വീണ്ടും മരത്തിൽ നിന്ന് ചാടിപ്പോയതാണെന്നാണ് നിഗമനം. മരത്തിന് മുകളിൽ കഴിഞ്ഞ ദിവസമത്രയും ഭക്ഷണവും വെള്ളവും കഴിക്കാതെയാണ് കുരങ്ങ് ഇരുന്നത്.
Discussion about this post