പത്തനംതിട്ട; തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച് പോലീസ്. സമൂഹമാദ്ധ്യമങ്ങളിൽ ആരോ ഷെയർ ചെയ്ത വീഡിയോ സ്വന്തം വാളിൽ പോസ്റ്റ് ചെയ്തതാണ് അനീഷ് കോട്ട എന്ന യുവാവിനെതിരെയുള്ള കുറ്റം. സംഭവത്തിൽ അനീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യാൻ ഒരുങ്ങുകയാണ് പോലീസിൻ്റെ നീക്കം.
തൃശ്ശൂരിൽ നിന്നും വലിയ സന്നാഹമായി തന്നെ പോലീസ് സംഘം എത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. നാലു വയസ്സുള്ള മകളുടെയും പ്രായമായ അച്ഛനമ്മമാരുടെയും മുന്നിൽ വച്ച് ബലംപ്രയോഗിച്ചായിരുന്നു യുവാവിനെ പോലീസ് പിടികൂടിയത്. അറസ്റ്റ് വിവരം അറിഞ്ഞ അനീഷിന്റെ അമ്മ രക്തസമ്മർദ്ദം കൂടി ആശുപത്രിയിലാണ്.
ചാനൽ ചർച്ചയിൽ ഉയർന്ന വാദങ്ങളെ മൊബൈൽ ഫോൺ ഉയർത്തിക്കാട്ടി പ്രതിരോധിക്കുന്ന എം പിയുടെ വീഡിയോയും മോൻസൻ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവ് ധരിച്ചിരിക്കുന്ന വ്യാജചിത്രവും ഒന്നിച്ച് ചേർത്തുകൊണ്ടുള്ള സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ 25 സെക്കന്റ് ദൈർഘ്യം വരുന്ന വീഡിയോയാണ് അനീഷ് കോട്ട പങ്കുവച്ചത്.
ഈ ദൃശ്യങ്ങളും ഇതോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കവും അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി എ എ റഹീം എം പി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ചെറുത്തുരുത്തി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യാതൊരു ക്രമിനിൽ പശ്ചാത്തലവും ഇല്ലാത്ത അനീഷിനെ കൊടും ഭീകരനെ പോലെ പിടികൂടിയ പോലീസിന് വ്യാജരേഖാ കേസിലെ വിദ്യയെ പിടികൂടാൻ ഉത്സാഹമില്ലേ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. സാധാരണക്കാരെ ഏത് പാതിരായ്ക്കും വീട്ടിൽ കയറി വിലങ്ങ് വയ്ക്കാൻ തയ്യാറാവുന്ന പോലീസ് സിപിഎം അനുഭാവികൾ പ്രതിയാകുന്ന കേസുകളിൽ ഇരുട്ടിൽ തപ്പുകയാണെന്ന വിമർശനം ഇതോടെ ഉയർന്നു കഴിഞ്ഞു. ഒരു ഫോൺ കോൾ കൊണ്ട് സ്റ്റേഷനിൽ എത്താൻ തയ്യാറാവുന്ന അനീഷിനെ, പുലർച്ചെയെത്തി കൊച്ചുകുട്ടിയടങ്ങുന്ന കുടുംബത്തെ ഭയപ്പെടുത്തി അറസ്റ്റ് ചെയ്ത രീതി കേരളപോലീസിന് ഒഴിവാക്കാമായിരുന്നുവെന്നാണ് അനീഷിൻ്റെ അയൽവാസികൾ പറയുന്നത്. വ്യാജരേഖ ചമച്ച് ജോലി വാങ്ങിയ ദിവ്യയും പരീക്ഷയിൽ മാർക്ക് ലിസ്റ്റ് തിരുത്തി ജയിച്ചതായി കാണിച്ച ആർഷോയും സെെര്യമായി വിഹരിക്കുമ്പോൾ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു സാധാരണ യുവാവ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിൽ അടയ്ക്കപ്പെടാൻ പോവുകയാണ്.
Discussion about this post