ലക്‌നൗ: രാജ്പുരയിൽ ബിജെപി നേതാവിന് മതതീവ്രവാദികളുടെ മർദ്ദനം. ബിജെപി ന്യൂനപക്ഷ മോർച്ച ഡിവിഷണൽ പ്രസിഡന്റ് ഷാ അലമിനെയാണ് മതതീവ്രവാദികൾ മർദ്ദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മസ്ജിദിൽ പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം.
ബദൗനിലെ ബിജെപി എംപി ഡോ. സംഗമിത്ര മൗര്യയെ ഷാ അലം വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു മർദ്ദനം. പ്രാർത്ഥനയ്ക്കായി ഉച്ചയ്ക്ക് മസ്ജിദിൽ എത്തിയ ഷാ അലമിനോട് പ്രദേശവാസികളിൽ ഒരാൾ മോശമായി പെരുമാറുകയായിരുന്നു.
ബിജെപിയിൽ ചേരുന്നവർ യഥാർത്ഥ മുസ്ലീങ്ങൾ അല്ലെന്നും, ഇവരെ മസ്ജിദിനുള്ളിൽ പ്രവേശിപ്പിക്കരുത് എന്നുമായിരുന്നു ഇയാൾ പറഞ്ഞത്. ഇത് ഷാ അലം ചോദ്യം ചെയ്യുകയും വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിലർ സംഘം ചേർന്ന് ഷാ അലമിനെ മർദ്ദിക്കുകയായിരുന്നു. മസ്ജിദിനുള്ളിൽവച്ചും പുറത്തുവച്ചും അദ്ദേഹത്തെ മതതീവ്രവാദികൾ മർദ്ദിച്ചു.
സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഷാ അലമിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post