ന്യൂഡൽഹി: ആദിപുരുഷ് സിനിമയുടെ മേക്കംഗിനെ വിമർശിച്ച് ദൂരദർശനിലെ വിഖ്യാതമായ രാമായണ പരമ്പരയുടെ സംവിധായകരിൽ ഒരാളായ മോത്തി സാഗർ. ചില സംഭാഷണങ്ങളും ദൃശ്യങ്ങളും ട്വിറ്ററിലും വാർത്തകളിലും താൻ കണ്ടുവെന്നും കഥ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രം സാധാരണക്കാരനെ കൂടുതൽ ആകർഷിക്കുന്ന രീതിയിലാക്കാൻ തിരക്കഥാകൃത്ത് ശ്രമിക്കണമായിരുന്നു. സിനിമയിലെ ഹനുമാന്റെ സംഭാഷണമുൾപ്പെടെ വിമർശിക്കുന്ന ട്രോളുകളും വിമർശനങ്ങളും ട്വിറ്ററിലടക്കം ശക്തമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് മോത്തി സാഗറിന്റെ വാക്കുകൾ. ആരാണ് അത്തരം ഭാഷ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
യുവ പ്രേക്ഷകരെ ലക്ഷ്യമിട്ട് സൂപ്പർ ഹീറോ സിനിമ നിർമിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറ കോമിക് രീതിയിലുളള അവതരണത്തെ സ്വീകരിക്കുമെന്നാണ് കരുതിയത്. പക്ഷെ രാമായണം പോലുളള ഒരു കഥ അവരുടെ സ്വന്തം ഭാഷയിൽ പ്രേക്ഷകരോട് പറഞ്ഞിരുന്നെങ്കിൽ ഇതിലും സ്വീകാര്യത ലഭിച്ചേനെയെന്നും മോത്തി സാഗർ അഭിപ്രായപ്പെട്ടു.
രാമായണ കഥ പറയുന്ന ആദിപുരുഷ് വെളളിയാഴ്ചയാണ് തിയറ്ററിലെത്തിയത്. വലിയ പ്രചാരം കൊടുത്ത് തിയറ്ററിൽ എത്തിയ ചിത്രത്തിന് നിരാശപ്പെടുത്തുന്ന റിവ്യൂ ആണ് പുറത്തുവരുന്നത്. ടി സീരീസ് ആണ് സിനിമ നിർമിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററിലെത്തിയത്.
പിതാവ് രാമാനന്ദ സാഗറിനും സഹോദരൻ പ്രേം സാഗറിനുമൊപ്പം 1987 ലാണ് മോത്തി സാഗർ രാമായണ പരമ്പര സംവിധാനം ചെയ്തത്.
Discussion about this post