തിരുവനന്തപുരം; എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ കലിംഗ സർവ്വകലാശാല നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ ഉത്തരംമുട്ടി എസ്എഫ്‌ഐ.നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കിയതോടെ കലിംഗ സർവ്വകലാശാലയാണ് കുറ്റക്കാരെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കുറ്റപ്പെടുത്തി. പഠിക്കാതെ സർട്ടിഫിക്കറ്റ് നൽകുന്ന നിരവധി സർവ്വകലാശാലകൾ ഉണ്ട്. അത്തരം മാഫിയകൾക്കെതിരെ നടപടി എടുക്കണമെന്നും വ്യാജ സർട്ടിഫിക്കറ്റാണെങ്കിൽ അന്വേഷണം വേണമെന്നും ആർഷോ പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കേരള വിസിക്കെതിരെയും ആർഷോ ആരോപണം ഉന്നയിച്ചു. വിസിയുടെ രാഷ്ട്രീയ പശ്ചാത്തലം ആരും അന്വേഷിക്കുന്നില്ല. ആദ്യമായിട്ടല്ല വിസി രാഷ്ട്രീയം കളിക്കുന്നതെന്ന് ആർഷോ പറഞ്ഞു.
കലിംഗ യൂണിവേഴ്‌സിറ്റിയുടേതെന്ന് സമർപ്പിച്ച സർട്ടിഫിക്കറ്റ് ഒർജിനലാണെന്ന് പറഞ്ഞത് എസ്എഫ്‌ഐയുടെ രാവിലത്തെ ബോധ്യമാണ്. പരിശോധിച്ച ശേഷമാണ് നിഖിലിന് പിന്തുണ നൽകിയത്. ഹാജരുണ്ടോയെന്ന പ്രശ്‌നം ആദ്യം ഉന്നയിച്ചത് എസ്എഫ്‌ഐ ആണെന്നും ആർഷോ വാദിച്ചു. സർട്ടിഫിക്കറ്റ് ഒർജിനലാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കാൻ കലിംഗ യൂണിവേഴ്‌സിറ്റിയിലേക്ക് പോകാൻ എസ്എഫ്‌ഐയ്ക്ക് കഴിയില്ലെവ്വ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
നിഖിൽ കലിംഗയിൽ 2018 മുതൽ 2021 വരെ റഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നാണ് എസ്എഫ്‌ഐ നേതാവ് ആർഷോ രാവിലെ പറഞ്ഞത്. നിഖിലിന്റെ സർട്ടിഫിക്കറ്റുകളും രേഖയും പരിശോധിച്ചു. എല്ലാ രേഖയും ഒറിജിനലാണ്. അത് വ്യാജ ഡിഗ്രിയല്ല എന്നായിരുന്നു ആർഷോയുടെ വാദം. എന്നാൽ ഇതാണ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.
Discussion about this post