കോട്ടയം: ബിസിനസ് തടസ്സപ്പെടുത്താനുള്ള സിഐടിയു ശ്രമത്തിനെതിരെ വേറിട്ട സമരവുമായി പ്രൈവറ്റ് ബസ് ഉടമ. സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിന് മുമ്പിൽ ലോട്ടറി കച്ചവടം ആരംഭിച്ചു. കോട്ടയം-തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹനാണ് ലോട്ടറി കച്ചവടം ആരംഭിച്ചത്. ടൈംസ് സ്‌ക്വയർ ലക്കി സെന്റർ എന്നാണ് ലോട്ടറി വിൽപ്പന കേന്ദ്രത്തിന് നൽകിയിരിക്കുന്ന പേര്. മുഖ്യമന്ത്രി പിണറായി വിജയൻ ടൈംസ് സ്‌ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധിച്ച കോട്ടിന് സമാനമായ വസ്ത്രമാണ് കച്ചവടം ആരംഭിച്ച അന്ന് ധരിച്ചത്. കോട്ടും സ്യൂട്ടും അണിഞ്ഞാണ് ലോട്ടറി കച്ചവടം.
ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്‌മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്‌മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.ഏറ്റവും കലക്ഷനുള്ള ബസിന്റെ സർവീസാണ് മുടക്കിയതെന്നു രാജ്‌മോഹൻ പറയുന്നു. മറ്റു രണ്ടു ബസുകൾ പൂർണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സർവീസ് നടത്തുന്നതെന്നും ഉടമ പറയുന്നു.
അതേസമയം കൂലിവർദ്ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയതെന്നാണ് വിശദീകരണം. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകൾ സർവീസ് നടത്തുന്നുണ്ട്.
Discussion about this post