തിരുവനന്തപുരം: വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 13 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി തിരിച്ച് നാട്ടിലെത്തുന്നത്.
കഴിഞ്ഞ 8നു പുറപ്പെട്ട മുഖ്യമന്ത്രി യുഎസ്, ക്യൂബ, ദുബായ് എന്നിവിടങ്ങളാണു സന്ദർശിച്ചത്. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീകർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
യുഎസിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളനം, ടൈംസ് സ്‌ക്വയറിലെ പൊതുസമ്മേളനം, ലോകബാങ്ക് സന്ദർശനം എന്നിവയായിരുന്നു പരിപാടികൾ. ക്യൂബയിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനമായിരുന്നു പരിപാടി.
ഭാര്യ കമല, ചെറുമകൻ ഇഷാൻ എന്നിവർക്കൊപ്പം എമിറേറ്റ്‌സിന്റെ തിരുവനന്തപുരം വിമാനത്തിലാണു മടക്കം. ഇന്ന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. മുഖ്യമന്ത്രിയുടെ സംഘത്തിലെ മറ്റുള്ളവർ പല ഘട്ടങ്ങളിലായി മടങ്ങിയെത്തിയിരുന്നു.18ന് ഔദ്യോഗിക പരിപാടി പൂർത്തിയാക്കിയ മുഖ്യമന്ത്രി ഇന്നലെ പൂർണമായും ഹോട്ടൽ മുറിയിൽ വിശ്രമത്തിലായിരുന്നു.
Discussion about this post