കൊച്ചി: തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.വീട്ടുകാർ തടഞ്ഞുവച്ചെന്ന് സുമയ്യ ആരോപിച്ച അഫീഫയെ രക്ഷിതാക്കൾക്കൊപ്പം തന്നെ കോടതി വിട്ടു. ബന്ധം തുടരാൻ താൽപര്യമില്ലെന്നും രക്ഷിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യമെന്നും പെൺകുട്ടി അറിയിക്കുകയായിരുന്നു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മലപ്പുറം സ്വദേശിനികളായ ഇരുവരും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായതാണ്. പ്രായപൂർത്തിയായതോടെ ഒരുമിച്ചുജീവിക്കാനും തീരുമാനിച്ചു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ജനുവരി 27 ന് വീടുവിട്ടു.
ഒളിച്ചോടിയ ഇവരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത് മലപ്പുറം ജുഡി. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ചു ഉത്തരവായി. പിന്നാലെ എറണാകുളത്തേക്ക് താമസം മാറ്റിയ ഇവർ കോലഞ്ചേരിയിൽ ഒരു കോഫി ഷോപ്പിൽ ജോലിയും നേടി. എന്നാൽ മേയ് 30 ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സുമയ്യയുടെ ഹർജിയിലെ ആരോപണം.ജൂൺ ഒൻപതിന് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫ കോടതിയിലെത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ജൂൺ 19ലേക്ക് മാറ്റിയത്.
Discussion about this post