കൊച്ചി: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ നടപടിക്രമങ്ങളും പരിശോധിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. പദ്ധതി വഴി ഖജനാവിന് അധിക നഷ്ടങ്ങളോ ബാധ്യതയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. പൊതുതാത്പര്യ ഹർജിയിൽ കഴമ്പുണ്ടെന്നും, ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ ഇനി പദ്ധതിക്ക് പണം നൽകരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. റോഡിലെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും, വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം. എസ്ആർഐടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഭരണ സംവിധാനത്തിലെ ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ട്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
Discussion about this post