കോട്ടയം: ജപ്തി ഭീഷണിയിൽ മനംനൊന്ത് കോട്ടയത്ത് വയോധികൻ ജീവനൊടുക്കി. പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്. ഭവന വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യാൻ തീരുമാനിച്ചത്.
സമീപത്തെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നിന്നുമായിരുന്നു ഗോപാലകൃഷ്ണൻ ഭവന വായ്പയെടുത്തത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് തിരിച്ചടയ്ക്കാൻ ഗോപാലകൃഷ്ണന് കഴിഞ്ഞില്ല. ഇതോടെയാണ് കുടിശ്ശികയായത്. വാങ്ങിയ പണം തിരികെ അടയ്ക്കാൻ ബാങ്ക് അധികൃതർ ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ നിർദ്ദേശിച്ച തിയതിയ്ക്കുള്ളിൽ പണം കണ്ടെത്താൻ ഗോപാലകൃഷ്ണന് സാധിക്കാതെ വരികയായിരുന്നു. ഇതോടെ ഗോപാലകൃഷ്ണനോടും കുടുംബത്തോടും വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ മനംനൊന്താണ് ഗോപാലകൃഷ്ണൻ ആത്മഹത്യ ചെയ്ത്.
10 ലക്ഷം രൂപയായിരുന്നു ഭവന വായ്പയായി ഗോപാലകൃഷ്ണൻ എടുത്തത്. 2018 ലായിരുന്നു ഇത്. നിലവിൽ കുടിശ്ശികയുൾപ്പെടെ 14 ലക്ഷം രൂപ തിരികെ അടയ്ക്കണം എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ ഒരു ലക്ഷം രൂപ തിരികെ അടച്ചിരുന്നതായി കുടുംബം പറഞ്ഞു.
വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഗോപാലകൃഷ്ണന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post