ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശിന് ഭഗവത് ഗീത നൽകി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. 2021 ലെ മഹാത്മാഗാന്ധി പുരസ്‌കാരം ഗീതാ പ്രസിന് നൽകിയതിനെ വിമർശിച്ച് ജയ്‌റാം രമേശ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം കോൺഗ്രസ് നേതാവിന് ഭഗവത് ഗീതയുടെ കോപ്പി നൽകിയത്.
തപാൽ വഴി ഡൽഹിയിലെ മേൽവിലാസത്തിൽ ആയിരുന്നു ഭഗവത് ഗീതയുടെ കോപ്പി നൽകിയത്. ഇക്കാര്യം ഷെഹ്‌സാദ് പൂനാവാല ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഭഗവത്ഗീതയുടെ ചിത്രത്തിനൊപ്പം ‘ഹിന്ദു വിരുദ്ധ കോൺഗ്രസ് ഉടൻ സുഖം പ്രാപിക്കട്ടെ’ എന്നും ഷെഹ്‌സാദ് കുറിച്ചിരുന്നു.
ഞായറാഴ്ചയാണ് 2021 ലെ മഹാത്മാ ഗാന്ധി പുരസ്‌കാരം ഗീതാ പ്രസിന് നൽകി കൊണ്ടുള്ള സർക്കാർ പ്രഖ്യാപനം ഉണ്ടായത്. ഗോരഖ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും വലിയ പുസ്തക പ്രസാധകരാണ് ഗീതാ പ്രസ്. പുരസ്‌കാരം പ്രഖ്യാപിച്ചതിന് അതി കഠിനമായ ഭാഷയിലായിരുന്നു ജയ്‌റാം രമേശ് ഈ തീരുമാനത്തെ വിമർശിച്ചത്. ഗീതാ പ്രസിന് പുരസ്‌കാരം നൽകാനുള്ള തീരുമാനത്തെ അപഹാസ്യം എന്നായിരുന്നു ജയ്‌റാം രമേശ് വിശേഷിപ്പിച്ചത്.
Discussion about this post