ന്യഡൽഹി : ട്രക്ക് ഡ്രൈവർമാരുടെ ക്യാബിനുകളിൽ എയർ കണ്ടീഷണർ നിർബന്ധമാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. 2025 മുതൽ ഇത് നിലവിൽ വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ഡ്രൈവർമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മറ്റ് രാജ്യങ്ങളിൽ ഡ്രൈവർമാർ എത്ര മണിക്കൂർ തൊഴിൽ ചെയ്യണമെന്നതിന് നിയന്ത്രണമുണ്ട്. ഇന്ത്യയിൽ 12-14 മണിക്കൂർ വരെ ചില ഡ്രൈവർമാർ ട്രക്ക് ഓടിക്കുന്നുണ്ട്. 43-47 ഡിഗ്രി താപനിലയിലാണ് ഇവർ ജോലി ചെയ്യുന്നത്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തൊഴിൽ സാഹചര്യങ്ങളും കൂടുതൽ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാർക്ക് ക്ഷീണം അനുഭവപ്പെടാനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായാണ് കണ്ടെത്തൽ.
”ഞാൻ മന്ത്രിയായതിന് ശേഷം ട്രക്കുകളിൽ എസി ക്യാബിൻ ഘടിപ്പിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ ചിലവ് കൂടുമെന്ന് പറഞ്ഞ് ചിലർ അതിനെ എതിർത്തു. എന്നാൽ ഇന്ന് എല്ലാ ട്രക്കുകളുടെയും ക്യാബിനുകളിൽ എസി സൗകര്യം സജ്ജീകരിക്കാനുള്ള ഫയലിൽ ഞാൻ ഒപ്പുവച്ചു,”ഗഡ്കരി പറഞ്ഞു. ഇതിനായി 18 മാസത്തെ സമയം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
”ബസ് ഡ്രൈവർമാരുടെ ക്യാബിനുകളിൽ വർഷങ്ങളോളം എസി ഉണ്ടായിരുന്നില്ല. എന്നാൽ വോൾവോ ബസുകൾ അവതരിപ്പിച്ചുകൊണ്ട് അത് അവസാനിപ്പിച്ചു, ഇപ്പോൾ എല്ലാ ആഡംബര ബസുകളിലെയും ഡ്രൈവർമാർക്ക് എസി ക്യാബിനുകൾ ഉണ്ട്,” മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
2016 ൽ റോഡ് ഗതാഗത മന്ത്രാലയമാണ് നിർദ്ദേശം ആദ്യമായി നിർദ്ദേശിച്ചത്. എന്നാൽ എസിയിൽ ഇരുന്നാൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുമെന്ന് വരെ പറഞ്ഞുകൊണ്ട് നിർദ്ദേശത്തെ നിരവധി പേർ എതിർത്തിരുന്നു. വോൾവോ ബസുകളിൽ എസി വന്നപ്പോൾ ഈ പ്രശ്‌നം നേരിട്ടിട്ടില്ലെന്ന് മന്ത്രാലയം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വോൾവോ, സ്‌കാനിയ തുടങ്ങിയ ആഗോള കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകളിൽ എയർ കണ്ടീഷൻഡ് ക്യാബിനുകൾ ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ നിർമ്മാതാക്കൾ ഇപ്പോഴും അത്തരം വാഹനങ്ങൾ നിർമ്മിക്കുന്നില്ല.
Discussion about this post