ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ കോൾ ലഭിച്ചതായി ഡൽഹി പോലീസ്. സംഭവത്തിൽ ഡൽഹി പോലീസ് സൈബർ സെൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഭീഷണി മുഴക്കിയ ആളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡൽഹി പോലീസിന് ഫോൺ കോൾ ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. 10 കോടി രൂപ നൽകിയാൽ ഇവരെ വെറുതെ വിടാമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. രണ്ട് തവണയാണ് ഭീഷണി മുഴക്കി ഇയാൾ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. ഉടനെ വിവരം സൈബർ പോലീസിന് കൈമാറുകയായിരുന്നു.
സുധീർ ശർമ്മയെന്ന പേരിലുള്ള ആളാണ് ഭീഷണിപ്പെടുത്തി വിളിച്ചത് എന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡൽഹിയിലെ പശ്ചിം വിഹാറിൽ നിന്നാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം ഇവിടേയ്ക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post