കോഴിക്കോട് : വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് ദിവ്യയെ പോലീസിന് പിടികൂടാനായത് ടവർ ലൊക്കേഷൻറെ സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ. ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് മേപ്പയൂരിലെ കൂട്ടോത്തുള്ള വിദ്യയുടെ സുഹൃത്തിൻറെ വീട്ടിലെത്തിയത്. കേസ്സെടുത്ത് പതിനഞ്ചാമത്തെ ദിവസമാണ് വിദ്യയുടെ ടവർ ലൊക്കേഷൻ പോലും പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്.
അഗളി പോലീസ് കോഴിക്കോട് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ രാത്രിയിൽ തന്നെ അഗളിയിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ അഗളി ഡിവൈഎസ്പിയുടെ ഓഫിസിൽ വിദ്യയെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും . ഇതിന് ശേഷം മണ്ണാർക്കാട് കോടതിയിലും ഹാജരാക്കാനാണ് പോലീസിൻറെ തീരുമാനം.
ജൂൺ 6 നാണ് എറണാകുളം സെൻട്രൽ പോലീസ് വിദ്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ കേസെടുത്ത് 15-ാം ദിവസമാണ് പോലീസ് പിടികൂടുന്നത്. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പുറത്തെവിടെയോ പോകുന്ന സമയത്താണ് വിദ്യയെ പോലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ആദ്യം എറണാകുളം ജില്ലയിൽ പലയിടങ്ങളിലായാണ് വിദ്യ താമസിച്ചിരുന്നത്. എന്നാൽ ജില്ലയിൽ അന്വേഷണം ശക്തമായതോടെ വിദ്യ വടക്കൻ കേരളത്തിലേക്ക് നീങ്ങുകയായിരുന്നു.
വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി വിദ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരെയും കബളിപ്പിച്ചിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നൽകണമെന്നുമാണ് വിദ്യ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു.
ഗസ്റ്റ് ലക്ചററുടെ ജോലി നേടുന്നതിനായി വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കേറ്റ് ഹാജരാക്കിയതിനാണ് പോലീസ് വിദ്യയ്‌ക്കെതിരെ കേസെടുത്തത്. മഹാരാജാസ് കോളേജിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടെന്ന് കാണിച്ചുള്ള വ്യാജ സർട്ടിഫിക്കേറ്റാണ് വിദ്യ സമർപ്പിച്ചത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെയും ജോലി നേടിയത് എന്നും കണ്ടെത്തിയിരുന്നു.
Discussion about this post