കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സൂഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുക്കുന്നത്. രാത്രി പന്ത്രണ്ടരയോടെയാണ് അഗളി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് ശ്രമം. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
തന്നെ കരുവാക്കുകയായിരുന്നുവെന്നാണ് വിദ്യ മൊഴി നൽകിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കുകയായിരുന്നു. മന:പൂർവ്വം കേസിൽ കുടുക്കുകയായിരുന്നു. കള്ളസർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ല. പഠനത്തിൽ മിടുക്കിയായ തനിക്ക് അതിന്റെ ആവശ്യമില്ല. ഇതിന് പിന്നിൽ കോൺഗ്രസ് അദ്ധ്യാപക സംഘടനയാണെന്നും വിദ്യ പോലീസിന് നൽകിയ മൊഴിയിൽ അവകാശപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടിയത്.
വിദ്യയെ കണ്ടെത്താനുള്ള പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അഗളി പോലീസും നീലേശ്വരം പോലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുക്കുന്നത്.വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു.
Discussion about this post