നടൻ ജയറാമും ഭാര്യ പാർവതിയും അവരുടെ മക്കളായ കാളിദാസും മാളവികയുമെല്ലാം നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടവരാണ്. കുടുംബത്തോടൊപ്പമുള്ള പ്രിയ നിമിഷങ്ങളെല്ലാം ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇവരുടെ വീട്ടിലുള്ള വളർത്തുമൃഗങ്ങളും പലപ്പോഴും ഈ ചിത്രങ്ങളിൽ ഇടം പിടിക്കാറുമുണ്ട്. ഇങ്ങനെ സന്തോഷത്തിന്റെ ഓരോ നിമിഷവും ആരാധകരുമായി പങ്കുവച്ചിരുന്ന കുടുംബം, ഇപ്പോൾ തങ്ങളുടെ ജീവിതത്തിലുണ്ടായ ഒരു ദു:ഖത്തെക്കുറിച്ചാണ് കുറിപ്പ് ഇട്ടിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായയുടെ വിയോഗ വാർത്തയാണ് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഹൃദയത്തെ കീറിമുറിക്കുന്ന അനുഭവമാണെന്നാണ് പാർവതി ഈ സമയത്തെ കുറിച്ച് പറയുന്നത്. ”എന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നു. 40 ദിവസം പ്രായമുള്ള ഒരു കുഞ്ഞായിട്ടാണ് നീ എന്റെ ജീവിതത്തിലേക്ക് ആദ്യം കടന്നു വന്നത്. ഉപാധികളില്ലാത്ത സ്‌നേഹം നൽകി എന്നെ നല്ല മനുഷ്യനായി മാറ്റി. പക്ഷേ നിന്റെ വികൃതിയും കോപവും കൂട്ടും ഇനി എനിക്ക് നഷ്ടമാകും. ദൈവം എന്നെ അനുഗ്രഹിച്ച് നിന്നെ എന്റെ ഇളയ മകനായി തന്നു. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിന്റെ അഭാവം. നീയില്ലാത്ത എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല.
നീ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും നിന്റെ സന്തോഷവും വികൃതിയും കൈവെടിയരുത്. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മ, അപ്പ, കണ്ണൻ, ചക്കി എല്ലാവരും നിനക്ക് സ്‌നേഹ ചുംബനങ്ങൾ തരികയാണെന്നും” പാർവതി കുറിച്ചു. 2020ലും സമാനമായ രീതിയിൽ തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടിയെ നഷ്ടപ്പെട്ട അവസ്ഥ പാർവതി പങ്കുവച്ചിരുന്നു. ബെന്നി എന്ന നായയെ ആണ് അന്ന് ഇവർക്ക് നഷ്ടമായത്.
Discussion about this post