തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികന് 95 വർഷം കഠിന തടവ് വിധിച്ച് കോടതി. മാള അറയ്ക്കൽ വീട്ടിൽ ഹൈദ്രോസിന് (64) ആണ് കോടതി ശിക്ഷ വിധിച്ചത്. 95 വർഷം കഠിന തടവിന് പുറമേ നാലേകാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
10 വയസ്സുള്ള കുട്ടിയെ ആണ് ഹൈദ്രോസ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. 2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രദേശത്ത് കിളികളെ വിൽപ്പന നടത്തിയിരുന്ന ആളാണ് ഹൈദ്രോസ്. ഇയാളിൽ നിന്നും കിളികളെ വാങ്ങാൻ കുട്ടി സ്ഥിരമായി എത്തുമായിരുന്നു. ഒരിക്കൽ കിളികളെ വാങ്ങാൻ എത്തിയ കുട്ടിയെ ഹൈദ്രോസ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും താൻ ആവശ്യപ്പെടുമ്പോഴെല്ലാം കാണാൻ വരണമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി തവണ ഇയാളുടെ ഭീഷണിയ്ക്ക് കുട്ടിയ്ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്. പീഡനം സഹിക്ക വയ്യാതെ ആയപ്പോൾ കുട്ടി വിവരം വീട്ടുകാരോട് പറയുകയായിരുന്നു.
ഇതിന് പിന്നാലെ വീട്ടുകാർ ഇവിടെയെത്തി ഹൈദ്രോസിനെ ചോദ്യം ചെയ്തു. എന്നാൽ വീട്ടുകാരെയും ഹൈദ്രോസ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
ചാലക്കുടി പോക്‌സോ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചിരുന്നത്. പിഴ തുക നഷ്ടപരിഹാരമായി കുട്ടിയ്ക്ക് നൽകാനാണ് കോടതിയുടെ നിർദ്ദേശം.












