കോഴിക്കോട്: പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കുടുക്കിയത് അഭിഭാഷകന്റെ നിശ്ചയദാർഢ്യം. അഭിഭാഷകൻ എം രാജേഷ് കുമാർ നടത്തിയ ശക്തമായ നിയമ പോരാട്ടത്തിനൊടുവിലാണ് വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ മുഹമ്മദ് റിയാസിന് പിഴയൊടുക്കേണ്ടിവന്നത്. 2011 ൽ ഉണ്ടായ സംഭവത്തിൽ വർഷങ്ങൾക്ക് ശേഷമാണ് നീതി നടപ്പായിരിക്കുന്നത്.
കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ചത്. പെട്രോളിയം വില വർദ്ധനയുമായി ബന്ധപെട്ട് ഡിവൈഎഫ്‌ഐ നടത്തിയ അക്രമത്തിൽ ജനാല ചില്ലുകൾ, എച് സി എൽ കിയോസ് മിഷീൻ ,ബോർഡുകൾ ,ടെലിഫോൺ , ജനാല ഗ്ലാസുകൾ മുതലായവ തകർന്നിരുന്നു. ആക്രമണത്തിൽ മൊത്തം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമായിരുന്നു തപാൽ വകുപ്പിന് ഉണ്ടായത്. ഇതോടെ തപാൽ വകുപ്പ് കോടതിയെ സമീപിച്ചു.
കോടതി മുഹമ്മദ് റിയാസിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിക്കുകയും പിഴ ഒടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെ മേൽ കോടതികളെ സമീപിച്ചെങ്കിലും റിയാസിന് കനത്ത തിരിച്ചടിയായിരുന്നു ഫലം. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും തുക തപാൽവകുപ്പിന് നൽകാൻ റിയാസ് തയ്യാറായില്ല. ഇതോടെയാണ് വീണ്ടും തപാൽവകുപ്പ് കോടതിയെ സമീപിച്ചത്.
തപാൽ വകുപ്പിന് വേണ്ടി കേന്ദ്ര സ്റ്റാൻഡിങ് കൗൺസിലർ അഡ്വക്കേറ്റ് രാജേഷ്‌കുമാറാണ് കോടതിയിൽ ഹാജരായത്. കോടതിയിൽ അതിശക്തമായ നിയമ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. ഇതിനൊടുവിൽ കോടതി റിയാസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെയായിരുന്നു 380,000 രൂപ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള പ്രതികൾ വടകര കോടതിയിൽ നഷ്ട പരിഹാരമായി അടച്ചത്. അതേസമയം ശക്തമായ പോരാട്ടത്തിലൂടെ തപാൽ വകുപ്പിന് നീതി വാങ്ങി നൽകിയ രാജേഷ് കുമാറിന് സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
Discussion about this post