ആലപ്പുഴ: കള്ളസർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിഖിൽ ഒളിവിൽ പോയത്. കള്ളസർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയെന്ന് സംശയിക്കുന്ന മുൻ എസ്എഫ്‌ഐ നേതാവിന് നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അദ്ധ്യാപകനാണ്. 2020ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
വിവിധ സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും കള്ളസർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്. നിഖിലിന്റെ അച്ഛനേയും സഹോദരങ്ങളേയും സ്‌റ്റേഷനിൽ വിളിച്ചു വരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
നിഖിൽ ഒളിവിൽ പോകുന്നതിന്റെ തലേന്ന് ഒപ്പം ഉണ്ടായിരുന്ന സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രാത്രിയോടെ ഇയാളെ വിട്ടയച്ചു. അതേസമയം സിപിഎം പ്രവർത്തകനായ അഭിഭാഷകന്റെ കാറിലാണ് നിഖിൽ മുങ്ങിയതെന്ന കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളേയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.
Discussion about this post