കൊച്ചി: താൻ ഒളിവിൽ പോയതല്ലെന്ന് ആവർത്തിച്ച് വ്യാജ പ്രവർത്തി പരിചയ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ചോദ്യം ചെയ്യലിന് ഹാജരാകുമായിരുന്നുവെന്ന് വിദ്യ പറയുന്നു. മഹാരാജാസ് കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചനയാണ്. അവിടത്തെ ചില അധ്യാപകരാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ.അട്ടപ്പാടി പ്രിൻസിപ്പാളാണ് അതിന് തുടക്കമിട്ടതെന്നുമാണ് വിദ്യയുടെ വാദം. എന്നാൽ വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകാൻ വിദ്യ തയ്യാറാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം വിദ്യയെ കുടുക്കിയത് കൂട്ടുകാരിക്കൊപ്പമുള്ള സെൽഫി വഴിയാണെന്നും പോലീസ് പറയുന്നു. ഇത് പിന്തുടർന്നാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. ഒളിവിലായിരുന്ന സമയത്ത് സുഹൃത്തിന്റെ ഫോൺ ഉപയോഗിച്ചാണ് വിദ്യ കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നത്. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയതും. പിടിയിലാകുന്നതിന് നാല് ദിവസങ്ങൾക്ക് മുൻപാണ് ഈ സെൽഫി എടുത്തത്. വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് നിലവിൽ പോലീസ് പറയുന്നത്.
Discussion about this post