കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പശ്ചിമ ബംഗാളിൽ വ്യാപകമായി ബോംബുകൾ പിടിച്ചെടുത്ത് പോലീസ്. നൂറോളം നാടൻ ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നിരീക്ഷണവും പരിശോധനയും തുടരുമെന്ന് പോലീസ് അറിയിച്ചു.
മാൾഡയിൽ നിന്നും 65 ബോംബുകളാണ് പിടിച്ചെടുത്തത്. മാൾഡയിലെ പരുത്തി തോട്ടത്തിൽ നിന്നുമായിരുന്നു ബോംബുകൾ കണ്ടെടുത്തത്. തോട്ടത്തിൽ പ്രദേശവാസികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബുകൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ബോംബുകൾ ബോംബ് സ്‌ക്വാഡ് നിർവ്വീര്യമാക്കിയിട്ടുണ്ട്.
മുർഷിദാബാദിൽ നിന്നും 30 ഓളം ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ ചില വീടുകളിൽ ബോംബുകൾ സൂക്ഷിച്ചിരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ബോംബുകൾ കണ്ടെടുത്തത്. ബംഗാളിൽ ജൂലൈ എട്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്.
Discussion about this post