തിരുവനന്തപുരം : വ്യാജ ഡിഗ്രി വിവാദവുമായി ബന്ധപ്പെട്ട് മുൻ എസ്എഫ്‌ഐ നേതാവ് നിഖില് തോമസിന്റെ ഒളിവുകാല യാത്രകൾ സിപിഎം നേതാക്കളുടെ സഹായത്തോടെയെന്ന് കണ്ടെത്തൽ. ഒളിവുകാല യാത്രകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പോലീസ് കണ്ടെത്തി.
ശനിയാഴ്ച രാവിലെയാണ് നിഖിലിനെതിരെ തെളിവുകൾ പുറത്തുവന്നത്. ഉച്ചയോടെ നിഖിൽ ഒളിവിൽ പോകുകയായിരുന്നു. കായംകുളം സിപിഎം ഏരിയാ കമ്മിറ്റിയംഗം എം നസീർ, ഡിവൈഎഫ്‌ഐ തഴവ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബികെ നിയാസ് എന്നിവരും നിഖിലിന്റെ ഒപ്പമുണ്ടായിരുന്നു.
കായംകുളത്ത് നിന്ന് ആദ്യം തിരുവനന്തപുരത്തേക്ക് പോയ നിഖിൽ അന്ന് വർക്കലയിലെ സ്വകാര്യ റിസോർട്ടിലാണ് താമസിച്ചത്. തൊട്ടടുത്ത ദിവസം വൈകിട്ട് നിയാസും നസീറും നിഖിലിനെ കായംകുളത്തെ വീട്ടിൽ എത്തിച്ചു.
തുടർന്ന് 19 ന് രാവിലെ മൂന്ന് പേരും ചേർന്ന് വീഗാലാന്റിലേക്ക് പോയി. അന്ന് രാത്രി വീണ്ടും കായംകുളത്തേക്ക് തിരിച്ചുവന്നു. ഉടൻ തന്നെ വീട്ടിൽ നിന്നിറങ്ങി, പിന്നീട് പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു. ഇന്നലെ വൈകീട്ട് കോഴിക്കോട് നിന്ന് സൂപ്പർഫാസ്റ്റിൽ കയറിയ നിഖിൽ കോട്ടയത്ത് വെച്ച് പിടിയിലാവുകയായിരുന്നു.
നിഖിലിന് വർക്കലയിൽ താമസ സൗകര്യം ഏർപ്പാടാക്കിയ സുഹൃത്തുക്കളായ എസ്എഫ്‌ഐ പ്രവർത്തകരെ ചേർത്തല കുത്തിയതോട് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതാണ് നിഖിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
Discussion about this post