ഭുവനേശ്വർ : വിജിലൻസ് റെയ്ഡിൽ നിന്ന് രക്ഷപ്പെടാനായി രണ്ട് കോടി രൂപ അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച് സബ് കളക്ടർ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. നബ്‌റംഗ് ജില്ലയിൽ സബ് കളക്ടറായി പ്രവർത്തിക്കുന്ന പ്രശാന്ത് കുമാർ റൗത്ത് ആണ് പിടിയിലായത്. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചാണ് വിജിലൻസ് മിന്നൽ റെയ്ഡ് നടത്തിയത്.
ഉദ്യോഗസ്ഥന്റെ കാനൻ വിഹാറിലുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്. വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വാതിൽ മുട്ടിയോടെയാണ് ഇവർ വിവരം അറിയുന്നത്. അപ്പോഴേക്കും ഉദ്യോഗസ്ഥർ വീട് വളഞ്ഞിരുന്നു. ഇതോടെ വീട്ടുകാർ പണം കാർഡ്‌ബോർഡിലാക്കി അയൽവാസിയുടെ വീടിന്റെ ടെറസിലേക്ക് വലിച്ചെറിഞ്ഞു. ഇത് ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥർ അയൽവാസിയുടെ വീട്ടിലെത്തി പണം വീണ്ടെടുക്കുകയായിരുന്നു. പരിശോധനയിൽ 2.04 കോടി രൂപ കണ്ടെത്തി. 500 രൂപയുടെ കെട്ടുകളായാണ് ഇത് സൂക്ഷിച്ചിരുന്നത്.
കാനൻ നഗറിലെ വീട് കൂടാതെ നബരംഗ്പൂരിലെ മറ്റൊരു വീട്ടിലും, ഓഫീസ് ചേംബറിലും, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട്ടിവുമുൾപ്പെടെ ഒമ്പത് സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടന്നു.
36 മണിക്കൂർ നേരം റെയ്ഡ് നടന്നു. നബരംഗ്പൂരിൽ നടത്തിയ പരിശോധനയിൽ 89 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. വൈകുന്നേരത്തോടെ, റൗട്ടിന്റെ ഭുവനേശ്വറിലെ വസതിയിൽ നിന്ന് പുസ്തകത്തിന്റെ പിന്നിൽ ഒളിപ്പിച്ച 10.37 ലക്ഷം രൂപയും കണ്ടെത്തി. രണ്ട് വീടുകളിൽ നിന്നായി 3.02 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
1996 ജൂലൈയിലാണ് പ്രശാന്ത് സർക്കാർ സർവീസിൽ ചേർന്നത്. 2018 നവംബർ 6 ന് സുന്ദർഗഡ് ജില്ലയിലെ ബിസ്രയിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായിരിക്കെ (ബിഡിഒ) ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.
Discussion about this post