കോട്ടയം: സ്വകാര്യബസിന് മുന്നിൽ കൊടികുത്തി സിഐടിയു സർവ്വീസ് തടഞ്ഞ സംഭവത്തിൽ ഉടമയ്ക്ക് അനുകൂലവിധിയുമായി ഹൈക്കോടതി. ബസ് സർവീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ഉത്തരവ്.
വെട്ടിക്കുളങ്ങര രാജ്‌മോഹൻ കൈമളിന്റെ 4 ബസുകളും സർവീസ് നടത്തുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ പോലീസ് മേധാവി, കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണ് നിർദേശം. സമരവുമായി ബന്ധപ്പെട്ടു രാജ്‌മോഹൻ നൽകിയ കേസ് പരിഗണിക്കാനായി അടുത്തയാഴ്ചത്തേക്കു മാറ്റി.
അതേസമയം കോടതി ഉത്തരവുണ്ടായിട്ടും മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റാൻ സിഐടിയു തയ്യാറായില്ല. ശമ്പള വർദ്ധന നൽകാതെ സഹകരിക്കാൻ ആകില്ലെന്ന് സിഐടിയു വ്യക്തമാക്കി.സമരം നടത്താൻ അവകാശം ഉണ്ടെന്നും കോടതിവിധിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മോട്ടർ മെക്കാനിക്കൽ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വർഗീസ് പറഞ്ഞു.
സിഐടിയു കൊടി നാട്ടി സർവ്വീസ് തടഞ്ഞതിന് പിന്നാലെ ഉടമ രാജ്‌മോഹൻ ബസിന് മുകളിൽ ലോട്ടറി കച്ചവടം ആരംഭിച്ചിരുന്നു.ടൈംസ് സ്‌ക്വയർ ലക്കി സെന്റർ എന്നായിരുന്നു ലോട്ടറി വിൽപ്പന കേന്ദ്രത്തിന് നൽകിയ പേര്. മുഖ്യമന്ത്രി പിണറായി വിജയൻ ടൈംസ് സ്‌ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധിച്ച കോട്ടിന് സമാനമായ വസ്ത്രമാണ് കച്ചവടം ആരംഭിച്ച അന്ന് ധരിച്ചത്. കോട്ടും സ്യൂട്ടും അണിഞ്ഞാണ് ലോട്ടറി കച്ചവടം.
Discussion about this post