ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ സംഭവത്തിൽ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ നിഖിൽ തോമസിനെ കസ്റ്റഡിയിൽ വിട്ട് പോലീസ്. ഒരാഴ്ചത്തേയ്ക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ചുവെന്ന് നിഖിൽ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു നിഖിലിനെ കായംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ 14 ദിവസം നിഖിലിനെ കസ്റ്റഡിയിൽ വേണമെന്ന് ആയിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഏഴ് ദിവസത്തെ കസ്റ്റഡി മാത്രം കോടതി അനുവദിക്കുകയായിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 30 ന് നിഖിലിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസമയം കേസിൽ നിഖിലിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
അർദ്ധരാത്രിയോടെയായിരുന്നു നിഖിൽ തോമസിനെ പോലീസ് പിടികൂടിയത്. ഇതിന് ശേഷം ഉച്ചവരെ നിഖിലിനെ ചോദ്യം ചെയ്യുകയായിരുന്നു. എറണാകുളത്തുള്ള ഓറിയോൺ എന്ന സ്ഥാപനം വഴിയാണ് സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എസ്എഫ്‌ഐ കായംകുളം മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജ് ആണ് ഇത് നടത്തുന്നത്. ഇതേ തുടർന്ന് അബിനെ രണ്ടാം പ്രതിയാക്കി കേസ് എടുത്തിട്ടുണ്ട്.
Discussion about this post