മോസ്‌കോ: റഷ്യയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച് സ്വകാര്യ സൈനിക കമ്പനിയായ വാഗ്നർ. തെക്കൻ നഗരങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതിന് പിന്നാലെ തലസ്ഥാന നഗരമായ മോസ്‌കോയെ ലക്ഷ്യമിട്ട് നീങ്ങിയിരിക്കുകയാണ് അംഗങ്ങൾ. 23 വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇത്തരമൊരു സാഹചര്യം നേരിടുന്നത്.
ഇന്ന് അർദ്ധരാത്രിയോടെ മോസ്‌കോയുടെ നിയന്ത്രണം പൂർണമായും കയ്യടക്കുകയാണ് വാഗ്നർ ഗ്രൂപ്പിന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ മോസ്‌കോ മേയർ തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളോടെല്ലാം വീടുകളിൽ തന്നെ തുടരാൻ ആണ് നിർദ്ദേശം. അത്യാവശ്യമെങ്കിൽ കാറിൽ മാത്രം സഞ്ചരിക്കാമെന്നും മേയർ അറിയിച്ചു.
റഷ്യയുടെ തെക്കൻ നഗരങ്ങളിൽ പ്രധാനപ്പെട്ടതും യുക്രെയ്‌നോട് ചേർന്ന് കിടക്കുന്നതുമായ റോസ്‌തോവ് ഓൺ ഡോണാണ് വാഗ്നർ ഗ്രൂപ്പ് പിടിച്ചെടുത്തത്. ഇവിടുത്തെ സൈനിക കേന്ദ്രങ്ങളും, വ്യോമ താവളങ്ങളും കയ്യടക്കിയതായി വാഗ്നർ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ വൊറോണെസിലെ റഷ്യൻ സൈനിക കേന്ദ്രങ്ങൾ പിടിച്ചെടുത്തതായും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വാഗ്നർ ഗ്രൂപ്പിന്റെ നീക്കങ്ങൾ ചെറുക്കാൻ സജ്ജമാണെന്ന് റഷ്യൻ ഭരണകൂടം പ്രതികരിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാഗ്നർ ഗ്രൂപ്പിന്റെ ഏത് നീക്കത്തെയും ചെറുക്കും. ഇതിനായി ഏത് മാർഗ്ഗവും സ്വീകരിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Discussion about this post