പാലക്കാട്; പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ വിദ്യ കീറിക്കളഞ്ഞുവെന്ന് പോലീസ്. മണ്ണാർകാട് കോടതിയിൽ വിദ്യയുടെ ജാമ്യഹർജി കേൾക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
അട്ടപ്പാടി കോളജിൽ അഭിമുഖത്തിന് പോയി മടങ്ങുമ്പോൾ അവിടുത്തെ പ്രിൻസിപ്പാളിന് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതായി മനസിലായിരുന്നു. അപ്പോൾ തിരിച്ചുവരുന്ന വഴിയിൽ മുക്കാലി ഭാഗത്ത് എത്തിയപ്പോൾ സർട്ടിഫിക്കറ്റ് കീറി ചുരത്തിലേക്ക് എറിയുകയായിരുന്നുവെന്നാണ് വിദ്യ പറയുന്നത്. വ്യാജരേഖ നിർമിച്ചതായി വിദ്യ പോലീസിനോട് സമ്മതിച്ചുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
വ്യാജ സീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഓൺലൈൻ ആയിട്ടാണ് സീൽ നിർമിച്ചതെന്നും ഇതിന്റെ യഥാർത്ഥ രേഖ കണ്ടെത്തുന്നതിന് ശ്രമം തുടരുന്നതായും പ്രോസിക്യൂഷൻ പറഞ്ഞു. സ്വന്തം മൊബൈൽ ഫോണിലാണ് വിദ്യ കാര്യങ്ങൾ ചെയ്തത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ നശിപ്പിച്ചു.
സാമ്പത്തികമായി ചില പ്രശ്‌നങ്ങൾ ഉളളതിനാൽ ജോലി വേണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്തരം സർട്ടിഫിക്കറ്റ് സൃഷ്ടിച്ചതെന്നും വിദ്യ പോലീസിനോട് പറഞ്ഞു. കരിന്തളം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്യാൻ കോടതിയിലെത്തിയെങ്കിലും നോട്ടീസ് നൽകിയ ശേഷം അത്തരം നടപടികളിലേക്ക് കടന്നാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയി പഠിപ്പിച്ചുവെന്ന് കാണിച്ചാണ് എസ്എഫ്‌ഐ നേതാവ് കൂടിയായിരുന്ന വിദ്യ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്. അട്ടപ്പാടി കോളജിൽ നിന്ന് സർട്ടിഫിക്കറ്റ് മഹാരഹാജാസ് കോളജിലേക്ക് അയച്ചു നൽകിയതോടെ പിടിക്കപ്പെടുകയായിരുന്നു. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് വിദ്യ. ഒളിവിലായിരുന്ന വിദ്യയെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.
Discussion about this post