തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഈ ദിവസങ്ങളിൽ കാലവർഷം മെച്ചപ്പെടും. കാലാവസ്ഥാ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ അഞ്ച് ജില്ലകളിലും, മറ്റെന്നാൾ 8 ജില്ലകളിലും യെല്ലോ അലർട്ടാണ്.
കാലവർഷത്തിന്റെ ആദ്യമാസം അവസാനിക്കാനിരിക്കേ സംസ്ഥാനത്ത് മഴയുടെ അളവിൽ വലിയ കുറവാണ് അനുഭവപ്പെട്ടത്. 65 ശതമാനം മഴ കുറവാണ് ഇന്നലെവരെ അനുഭവപ്പെട്ടത്. ഏറ്റവും കുറവ് മഴ വയനാട്ടിലാണ് . ഇവിടെ 80 ശതമാനത്തിന്റെ കുറവാണുള്ളത്. കാസർകോട് (77 %), കോഴിക്കോട് 73%), ഇടുക്കി (70%), പാലക്കാട്, കണ്ണൂർ 68%), മലപ്പുറം (65%), കോട്ടയം (62%), തൃശൂർ (61%), തിരുവനന്തപുരം (52%), എറണാകുളം (49%), ആലപ്പുഴ (45%), കൊല്ലം (30%), പത്തനംതിട്ട (29%) എന്നിങ്ങനെയാണ് കേരളത്തിലെ മഴക്കുറവ്. ഇടുക്കി പദ്ധതിയിൽ 14 ശതമാനവും ശബരിഗിരിയിൽ 10 ശതമാനവുമാണ് ജലനിരപ്പ്. ഇത് വൈദ്യുതി ബോർഡിനെയും ആശങ്കപ്പെടുത്തുന്നു
2018 ലെ മഹാപ്രളയത്തിനുശേഷം കാലാവസ്ഥയിൽ ഗണ്യമായ മാറ്റം വന്നിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 2018 വരെ മൺസൂണിന്റെ ആദ്യ പകുതിയായ ജൂണിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചപ്പോൾ അതിനുശേഷമുള്ള വർഷങ്ങളിൽ നന്നേ കുറഞ്ഞു. ലഭിക്കേണ്ട മഴയുടെ പകുതിയിൽ താഴെ മാത്രമാണ് ജൂൺ മാസങ്ങളിൽ ലഭിച്ചത്. ഇത്തവണ സ്ഥിതി കുറച്ചുകൂടി മോശമായ നിലയിലാണ്. 511.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 180.4 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
Discussion about this post