കോട്ടയം : തിരുവാർപ്പിൽ ബസിന് മുന്നിൽ കൊടികെട്ടിയ സംഭവത്തിൽ സമരം പിൻവലിച്ച് സിഐടിയു. വിഷയത്തിൽ തൊഴിൽ മന്ത്രി ഇടപെടുമെന്നും നാളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും സിഐടിയു അറിയിച്ചു. ഇതോടെയാണ് സമരം താത്കാലികമായി പിൻവലിച്ചത്. എന്നാൽ ഈ ചർച്ചയെക്കുറിച്ച് അറിയില്ലെന്ന് ഉടമ രാജ്‌മോഹൻ പറഞ്ഞു.
തിരുവാർപ്പ് കൊല്ലാട് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടികുളങ്ങര ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയിരുന്നു. ഇതേത്തുടർന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹൻ ബസിന് മുന്നിൽ ലോട്ടറി വിൽപ്പന ആരംഭിച്ചു. ഇന്ന് ബസ് സർവീസ് പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെ പോലീസിന്റെ സാന്നിധ്യത്തിൽ രാജ് മോഹനെ പഞ്ചായത്തംഗമായ സിപിഎം നേതാവ് കെ.ആർ. അജയ് കയ്യേറ്റം ചെയ്തു.
തന്റെ ബസിനോട് ചേർത്ത് സിഐടിയു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് ബസ് ഉടമ രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. എന്നാൽ പോലീസ് ഇയാൾക്കെതിരെ നടപടിയെടുത്തില്ല. പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അനാവശ്യ കൂലി വർധന ആവശ്യപ്പെട്ടുകൊണ്ട് സിഐടിയു തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് രാജ്‌മോഹൻ പറയുന്നത്. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയത്. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസുകാർ നോക്കിനിൽക്കെയാണ് തന്നെ ആക്രമിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും രാജ് മോഹൻ അറിയിച്ചു.
Discussion about this post