ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ യുവാവ് നടത്തിയ നാടകം കാരണം റെയിൽവേയ്ക്കുണ്ടായത് ഒരു ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കാസർകോട് നിന്ന് പുറപ്പെട്ട വന്ദേഭാരതിന്റെ എക്‌സിക്യൂട്ടീവ് കോച്ച് ഇ വണ്ണിന്റെ ശുചിമുറിയിലാണ് കാസർകോട് ഉപ്പള സ്വദേശി ശരത്(26) എന്നയാൾ കയറി വാതിലടച്ചത്. ആർപിഎഫും റെയിൽവേ പൊലീസും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സെൻസർ സംവിധാനമുള്ള പൂട്ടിന്റെ മുകളിലായി ടീഷർട്ട് കീറി കെട്ടിവച്ചതോടെ വാതിൽ പുറത്ത് നിന്നും തുറക്കാനാകാത്ത അവസ്ഥ ആയിരുന്നു.
കണ്ണൂരിലും കോഴിക്കോടും ട്രെയിൻ നിർത്തിയപ്പോൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഒടുവിൽ ട്രെയിൻ കണ്ണൂരെത്തിയപ്പോൾ മൂന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർമാരുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചിട്ടും പൂട്ട് തുറക്കാനായില്ല. രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലുകളാണു വന്ദേഭാരതിലെ ശുചിമുറിയിലുള്ളത്. ഇതിന് അമ്പതിനായിരത്തോളം രൂപ വില വരുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞത്. വാതിൽ തുറക്കുന്നതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് ഡ്യൂട്ടി അലവൻസ് അരലക്ഷത്തോളം രൂപ വരും.
Discussion about this post