കാബൂൾ: ലോകവുമായി പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുമായി നല്ല രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് താലിബാൻ നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ ഈദ് സന്ദേശത്തിൽ പറഞ്ഞു. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് സന്ദേസം പുറത്തുവിട്ടത്. ലോകരാജ്യങ്ങളുമായി ബന്ധം ആഗ്രഹിക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ടെന്ന് ഹിബത്തുല്ല അഖുന്ദ്‌സാദ പറഞ്ഞു.
തങ്ങൾ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്തതുപോലെ, അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവരെ ഇടപെടാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഹിബത്തുല്ല അഖുന്ദ്‌സാദ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള പ്രവചനം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.തകർച്ചയിലല്ല അഫ്ഗാന്റെ സാമ്പത്തിക രംഗം. താലിബാന്റെ ബുദ്ധിപൂർവ്വമായ നടപടികളുടെയും ആത്മാർത്ഥതയുടെയും സുതാര്യതയുടെയും ഫലമായി സാമ്പത്തിക തകർച്ച തടയപ്പെട്ടുവെന്ന് ഹിബത്തുല്ല അഖുന്ദ്‌സാദ അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ കറുപ്പ് കൃഷി തുടച്ചുനീക്കപ്പെട്ടുവെന്നും കർഷകർ ബദൽമാർഗങ്ങൾ തേടുകയാണെന്നും നിയമപരമായ കൃഷിരീതി വിപുലീകരിക്കുകയാണെന്നും താലിബാൻ നേതാവ് പറഞ്ഞു. എല്ലാത്തരം മയക്കുമരുന്നുകളുടെയും ഉത്പാദനം, കടത്ത്, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്, ഇപ്പോൾ നിരവധി പൗരന്മാർ, പ്രത്യേകിച്ച് യുവാക്കൾ ഈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് താലിബാൻ നേതാവ് കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച്, നിർബന്ധിത വിവാഹങ്ങൾ ഉൾപ്പെടെ നിരവധി പരമ്പരാഗത അടിച്ചമർത്തലുകളിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാൻ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവരുടെ ശരിയത്ത് അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും നേതാവ് അവകാശപ്പെട്ടു. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് അവർക്ക് സുഖകരവും സമൃദ്ധവുമായ ജീവിതം നൽകുന്നതിന് സമൂഹത്തിന്റെ പകുതിയോളം സ്ത്രീകളുടെ പുരോഗതിക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നേതാവ് അവകാശപ്പെട്ടു.
സ്ത്രീകളെ വഴിതെറ്റിക്കുന്ന കഴിഞ്ഞ 20 വർഷത്തെ അധിനിവേശത്തിന്റെ ചീത്തവശങ്ങൾ ഉടൻ തുടച്ചുനീക്കുമെന്നും നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ സന്ദേശത്തിൽ അഫഅഗാൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തെ പറ്റി പരാമർശമില്ല.
Discussion about this post