കോഴിക്കോട് : കരിപ്പരിൽ സ്വർണം കടത്തിയ യാത്രക്കാരനും ഇത് കവർച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പോലീസ് പിടിയിൽ. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യുഎഇയിൽ നിന്നും 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയത്. കുടുംബസമേതം സ്വർണം കടത്തിയ ഇയാളെ തട്ടിക്കൊണ്ട് പോയി സ്വർണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ ഈ വിവരം പോലീസിന് ലഭിച്ചെന്ന് മനസിലായതോടെ സംഘം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വിദേശത്ത് നിന്ന് കടത്തിയ സ്വർണം കസ്റ്റംസിനെ വെട്ടിച്ച് ഇയാൾ എയർപോർട്ടിന് പുറത്തെത്തിച്ചിരുന്നു. ഇത് കവർച്ച ചെയ്യാൻ ഏഴംഗ സംഘം കാത്തുനിൽക്കുകയായിരുന്നു. അപ്പോഴാണ് വിമാനത്താവളത്തിന്റെ ഗേറ്റിൽ കാഞ്ഞങ്ങാട് സ്വദേശി റഷീദിനെ സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ സംഘത്തിൻറെ വിശദമായ പദ്ധതി പുറത്തുവന്നത്.
റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള സംഘവും എയർപോർട്ടിൽ എത്തിയിരുന്നു. റഷീദിനെ ചോദ്യം ചെയ്തതിന് പിന്നാലെ കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിയ മുസ്തഫയെ പോലീസ് പിടികൂടി. ഇരുവരും പിടിയിലായതോടെ അപകടം മണത്ത കവർച്ചാസംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു.
ദുബായിൽ ജോലി ചെയ്യുന്ന കോഴികോട് സ്വദേശികളായ സമീർ, ഷാക്കിർ, കാഞ്ഞങ്ങാട് സ്വദേശി സാദിഖ് എന്നിവരാണ് ഗോൾഡ് കാരിയറായ മുസ്തഫയുടെ വിവരങ്ങൾ റഷീദിന് കൈമാറിയത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അഞ്ചംഗ സംഘം വയനാട്ടിലേക്കാണ് രക്ഷപ്പെട്ടത്. ഇവരെ വയനാട് വൈത്തിരിയിൽ വെച്ച് പൊലീസ് പിടികൂടി. കാസർകോട് സ്വദേശിയെ കാഞ്ഞങ്ങാട് വെച്ചും അറസ്റ്റ് ചെയ്തു.
Discussion about this post