ശ്രീനഗർ : ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയുടെ ഇപ്പുറം നിന്ന് മാത്രമല്ല അതിർത്തി കടന്ന് ആക്രമണം നടത്താനും ഇന്ത്യക്ക് ഒരു മടിയുമില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ജമ്മു സർവകലാശാലയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതക്കെതിരെ ഇന്ത്യ ശക്തമായി നടപടിയെടുത്തിട്ടുണ്ട്. ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലെന്നുള്ള ശക്തമായ നിലപാട് സർജിക്കൽ സ്ട്രൈക്കുകളിലൂടെ ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തു.പുൽവാമ , ഉറി സംഭവങ്ങൾ ദൗർഭാഗ്യകരമായിരുന്നു. അതിനു മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുത്തത് വെറും പത്ത് മിനുട്ട് കൊണ്ടായിരുന്നു. എവിടെയും ചെന്ന് കയറി അടിക്കാനുള്ള ചങ്കുറപ്പ് ഇന്ത്യൻ സൈന്യത്തിനുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ശാശ്വത സമാധാനത്തിനായി കശ്മീരും സർക്കാരും കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം സമാധാനം പുനസ്ഥാപിച്ചാലുടൻ പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരത പ്രധാന തൊഴിലാക്കിയ രാജ്യങ്ങൾക്ക് ഇങ്ങനെ പോയാൽ അധികകാലമുണ്ടാകില്ലെന്ന് മനസ്സിലായിട്ടുണ്ട്. ലോകത്തെ വൻ ശക്തികളെല്ലാം ഭീകരവാദത്തോട് സന്ധിയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ചൈന ഏകപക്ഷീയമായി അതിർത്തിയിലെ സ്ഥിതി മാറ്റാൻ ശ്രമിച്ചതാണ് ഗാൽവാൻ സംഘർഷത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post