കൊച്ചി: കള്ളസർട്ടിഫിക്കറ്റ് കേസിൽ അബിൻ സി രാജ് കസ്റ്റഡിയിൽ. കായംകുളം എംഎസ്എം കോളേജിൽ എംകോം വിദ്യാർത്ഥിയായിരുന്ന നിഖിൽ തോമസിന് കലിംഗ സർവ്വകലാശാലയുടെ പേരിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയത് അബിനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നെടുമ്പാശേരിയിൽ വച്ചാണ് അബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം എസ്എഫ്‌ഐ മുൻ ഏരിയ പ്രസിഡന്റും മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമാണ്. കേസിൽ രണ്ടാം പ്രതിയാണ് അബിൻ.
അബിനാണ് തനിക്ക് കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതെന്ന് നിഖിലും പോലീസിന് മൊഴി നൽകിയിരുന്നു. ഏതാനും നാളുകളായി മാലിദ്വീപിലായിരുന്ന ഇയാൾ അവിടെ അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജുവാണ്. ഡിഗ്രിക്ക് വേണ്ടി 2 ലക്ഷം രൂപയാണ് ചെലവിട്ടെന്നും നിഖിൽ പോലീസിനോട് പറഞ്ഞു.
2020ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. വിവിധ സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും കള്ളസർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post